എവെരി ഡോഗ് ഹാസ്‌ എ ഡേ !

ഞങ്ങളുടെ ഫസ്റ്റ് ഇയര്‍ സമയത്ത് റാഗ്ഗിംഗ് ജോര്‍ ആയി നടക്കുന്ന കാലം. കോളേജ് വിട്ടു വന്നാല്‍ മിക്കവാറും എല്ലാ വൈകുന്നേരങ്ങളും രാത്രികളും, ഞങ്ങള്‍ സ്വന്തം റൂമില്‍ ഉണ്ടാവാറില്ല. റാഗ്ഗിംഗ് എന്ന കലാ പ്രകടനത്തിനായി സീനിയര്സ്നിന്റെ റൂമിലേക്ക്‌ വിളിക്കപ്പെടും... എല്ലാം കഴിഞ്ചു തിരിച്ചു റൂമില്‍ എത്തുമ്പോഴേക്കും പുലരാറായിക്കാണും.

എന്നാല്‍ അന്ന് തികച്ചും വ്യത്യസ്തമായിരുന്നു. അന്ന് ഞങ്ങളെ സീനിയേര്‍സ് ആരും പോക്കിയില്ല... ആരുടെയോ മുജ്ജന്മ പുണ്യം ആയിരിക്കും (എന്തായാലും ഈ ജന്മത്തില്‍ ഞങ്ങളാരും അങ്ങനെ ഒരു പുണ്യം ചെയ്തതായി ഓര്‍ക്കുന്നില്ല !). അതിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങള്‍ എല്ലാരും. പിറ്റേ ദിവസത്തെ ലാബിനു റെക്കോര്‍ഡ്‌ എഴുതാന്‍ ഉണ്ടായിരുന്നു. പിന്നെ ഒരു മാത്ത്സ് ടെസ്റ്റും ഉണ്ട് എന്ന് ആരോ പറയുന്ന കേട്ടു. എന്നാലും ആറ്റുനോറ്റു കിട്ടിയ (റാഗ്ഗിംഗ് ഇല്ലാത്ത) ആ ഈവെനിംഗ് അങ്ങനെ ഒരു പീറ റെക്കോര്‍ഡ്‌ എഴുതിയോ, ടെസ്റിന് പഠിച്ചോ വേസ്റ്റ് ചെയ്യുവാന്‍ മനസ്സ് വന്നില്ല.

അങ്ങനെ രാത്രി വരെ റൂമില്‍ വെറുതെ ഇരുന്നു കത്തി അടിച്ചിരുന്നു. ഒടുവില്‍ രാത്രി ഒരു 11.30 ഒക്കെ ആയപ്പോള്‍ എന്തെങ്ങിലും ഒന്ന് നോക്കാം എന്ന് കരുതി ഞങ്ങള്‍ (ഞാനും മറ്റു രണ്ടു സഹമുറിയന്മാരും) ബുക്ക്‌ എടുത്തു. ബുക്ക്‌ എടുത്തു ഒരു 10 മിനിറ്റു ആവുമ്പോഴേക്കും ഒരുത്തന്‍ കിടന്നു ഉറങ്ങി. കഷ്ടിച്ച് ഒരു 10 മിനിട്ട് കൂടെ കഴിഞ്ഞപ്പോള്‍ എനിക്കും ഉറക്കം കൊണ്ട് സഹികെട്ടു. അങ്ങനെ റെക്കോര്‍ഡ്‌ ക്ലോസ് ചെയ്തു ഞാനും പിന്‍വാങ്ങി. അല്ലെങ്കിലും ദിവസവും ഉള്ള റാഗ്ഗിംഗ് കാരണം, ഈ ചുരുങ്ങിയ കാലം കൊണ്ട് തന്നെ റെക്കോര്‍ഡ്‌ എഴുതാതിരിക്കുന്നതും ടെസ്റ്റ്‌ ബങ്ക് ചെയ്യുന്നതും എല്ലാം ഞങ്ങള്‍ക്ക് പുത്തരിയല്ലതായിരുന്നു. പക്ഷെ എന്റെ മൂന്നാം സഹമുറിയന്‍ ലൈറ്റ് ഓഫ്‌ ചെയ്യുന്നില്ല. നല്ല ഉറക്കം ഉണ്ടെങ്ങിലും, അവന്‍ കഷ്ടപ്പെട്ട് റെക്കോര്‍ഡ്‌ എഴുതുന്നുണ്ട്. ആഹാ.. അതെങ്ങനെ സമ്മതിക്കാം !
"മതിയെടാ.. നീ ലൈറ്റ് ഓഫ്‌ ചെയ്യ്.. നമുക്ക് നാളെ രാവിലെ എഴുന്നേറ്റു എഴുതാം.." ഞാന്‍ പറഞ്ഞു.
"ഹാ നീയല്ലേ ?"  
അവന്‍ എന്നെ ഒന്ന് നോക്കി ചിരിച്ചു. അതിന്റെ അര്‍ഥം എനിക്ക് മനസ്സിലായി. എന്റെ ജീവിതത്തില്‍ ഇത് വരെ, ഞാന്‍ രാവിലെ നേരത്തെ എഴുന്നേറ്റിട്ടില്ല ! നാളെയും മറിച്ചൊന്നും സംഭവിക്കില്ല - അത് എനിക്ക് അറിയാം. അവനു എന്നേക്കാള്‍ നല്ലവണ്ണം അറിയാം..
 "എങ്കില്‍ നീ എഴുതി പണ്ടാരം അടങ്ങു.." എന്നും പറഞ്ഞു ഞാന്‍ മൂടി പുതച്ചുകിടന്നു.
ഏകദേശം 12.00 - 12.10 ആയിക്കാണും. എനിക്ക് ശരിക്കൊന്നു ഉറക്കം പിടിച്ചു വരുമ്പോഴേക്കും പുറത്തു ഒച്ചപ്പാടും തെറിവിളികളും പിന്നെ കതകിനു ആരോ ആഞ്ഞടിക്കുന്നതും കേട്ടു. എങ്കിലും എഴുന്നേറ്റു വാതില്‍ തുറക്കാന്‍ മടിയായതിനാല്‍ ഉറക്കം നടിച്ചു കെടന്നു. അതിനിടയില്‍ ഹരി പോയി വാതില്‍ തുറന്നു. ആജാനബാഹുവായ ആ രൂപം കണ്ടപ്പോ തന്നെ ചങ്കിടിക്കാന്‍ തുടങ്ങി..!

ഞങ്ങളുടെ ഒരു സൂപ്പര്‍ സീനിയര്‍ ആണ്. ഫൈനല്‍ ഇയര്‍ പോയ വര്ഷം കഴിഞ്ഞ്ഞ്ഞെങ്ങിലും, ഏഴോ എട്ടോ പേപ്പര്‍ കിട്ടാത്തതിനാല്‍ ഇപ്പോഴും ഹോസ്റ്റലില്‍ തന്നെയാണ് പുള്ളി. എന്നത്തെയും പോലെ അങ്ങേരു ഇന്നും കുറച്ചു ഫിറ്റ്‌ ആണ്; പോരാത്തതിന് വേണ്ടപ്പോ കുടിക്കാന്‍ കയ്യില്‍ ഒരു ബിയര്‍ ബോട്ട്ലും കരുതിയിട്ടുണ്ട്. ഹോസ്റ്റലില്‍ അലഞ്ഞു നടക്കുന്ന ഒരു പട്ടിയെയും കൂട്ടികൊണ്ടാണ്  സീനിയര്‍ സര്‍ റൂമിലേക്ക്‌ വന്നത്. ബിയരിനോപ്പം കൊറിക്കാനുള്ള mixture പാക്കില്‍ നിന്ന് ഇടയ്ക്കു ഒന്ന് രണ്ടെണ്ണം നായയ്ക്കും കൊടുക്കുന്നുണ്ട്.

സീനിയരെ കണ്ട ഉടനെ ആചാരവിധിപ്രകാരം തികച്ചും ഭവ്യതയോടെ ഹരി (സഹമുറിയന്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കതതിനാല്‍ നമുക്ക് ഹരി എന്ന് വിളിക്കാം) 'pec salute' ചെയ്തു കൊണ്ട് പറഞ്ഞു:
'ഗുഡ് എവെനിംഗ് സാര്‍ ..." 
മറുപടിയായി സീനിയരുടെ വക പ്രാഥമിക അഭിസംഭോധനകള്‍ (തെറിവിളികള്‍ ) കഴിഞ്ഞ ഉടനെ, (നായയെ തലോടി കൊണ്ട്) അവനോടു ചോദിച്ചു :
"ഇതാരാ എന്നറിയാമോ ?"
"ഒരു നായ !"
തികച്ചും സ്വാഭാവികമായി അവന്‍ മറുപടി കൊടുത്തു. ശരി ഉത്തരം പറഞ്ഞതിന്റെ ആത്മ സംത്രിപ്തി ഹരിയുടെ മുഖത്തുണ്ടായിരുന്നു. പക്ഷെ ആ ആത്മ സംതൃപ്തിക്കു അധികം ആയുസ്സുണ്ടായിരുന്നില്ല. പറഞ്ഞു തീരും മുന്നേ സീനിയറില്‍ നിന്ന് മറുപടിയും കിട്ടി.
"ഫാ... നായിന്റെ മോനെ!...... നായയോ !!? നായയുടെ പേര് പറയടാ... #@#$%#@# "
ഹരിയുടെ മുഖത്തെ ആത്മസംത്രിപ്തിയും തെളിച്ചവും എല്ലാം ക്ഷണനേരം കൊണ്ട് പമ്പ കടന്നു (അതോ പോണ്ടിച്ചേരി കടന്നോ?) !

പക്ഷെ ഈ അലവലാതീയെ ഒക്കെ "നായിന്റെ മോനെ" എന്ന് വിളിച്ചത് പിടിച്ചില്ലെന്ന ഭാവത്തില്‍, നായ സീനിയര്‍ സാറിനെ ഒന്ന് അടിമുടി നോക്കിയശേഷം കഴുത്ത് വലതു വശത്തേക്ക് ഞെട്ടിച്ചു. ആ ചേഷ്ടയില്‍ നായയുടെ പരിഭവവും പ്രധിഷേതവും പൂര്‍ണമായി പ്രതിഫലിച്ചിരുന്നു.
"ഇതിന്റെ പേര് പറയടാ..., @##@$$#$" - അന്ധാളിച്ചു നില്‍ക്കുന്ന ഹരിയെ നോക്കി സീനിയര്‍ വീണ്ടും അലറി.
"സര്‍ ...,,,"
 കുറച്ചൊന്നു മടിച്ചു കൊണ്ട്, പേടിച്ചു വിറച്ചു അവന്‍ പറഞ്ഞു.
"അറിയില്ല.., സര്‍ "
തന്നെ വിളിച്ചു വരുത്തി വീണ്ടും അവഹേളിക്കുന്നതായി തോന്നിയിട്ടാവും നായ ചെറുതായൊന്നു മുരണ്ടു.  നായയുടെ പരിഭവം മനസ്സിലാക്കിയിട്ടെന്നോണം സീനിയര്‍ അവനോടു ചോദിച്ചു.
"ഫാ... പിന്നെ എന്ത് #$@$#~@$ ആണെടാ കോപ്പേ നിനക്ക് അറിയവുന്നത് ?"
തന്റെ പേര് അറിയാത്തതില്‍ അവനെ തെറി പറഞ്ഞത് കേട്ട് നായയുടെ പരിഭവം കുറച്ചു ഒന്ന് മാറി. അതു തികച്ചും ന്യായമായ ചോദ്യമായി നായക്കു തോന്നിക്കാണും. ദിവസവും ഹോസ്റ്റലില്‍ മുഴുവന്‍ അലഞ്ഞു തിരിയുന്ന തന്റെ പേര് അറിഞ്ഞില്ലേല്‍, പിന്നെ ഇവന്‍ എന്ത് അറിയാന്‍ !?

എന്തായാലും നായ ഹാപ്പി, സീനിയറും ഹാപ്പി ! പാവം നമ്മുടെ ഹരി ! എന്ത് പറയണം എന്നറിയാതെ അന്ധാളിച്ചു നില്‍ക്കുന്നതിനിടയില്‍ തന്നെ, അടുത്ത ചോദ്യം വന്നു.
"ഹോസ്റ്റലില്‍ ഉള്ള എല്ലാരുടേം പേര് അറിഞ്ഞിരിക്കണം  എന്ന് അറിയില്ലെടാ, @#$#$. മോനെ... ?"
(നായയ്ക്ക്‌ വിഷമം ഉണ്ടാകാതിരിക്കാന്‍, ഇത്തവണ സീനിയര്‍ 'നായിന്റെ മോനെ' എന്ന പ്രയോഗം മനപ്പൂര്‍വം ഒഴിവാക്കി, പകരം മറ്റു പല 'മോനെകളും' ഉപയോഗിച്ചത് പ്രശംസാര്‍ഹം തന്നെ.)

എല്ലാ ഹോസ്ടലെര്സിന്റെയും (ബാച്ച് മേറ്റ്സിന്റെയും സീനിയെര്സിന്റെയും) പേര് അറിഞ്ഞിരിക്കണം എന്നുള്ളത് ഞങ്ങള്‍ക്കുള്ള പ്രോട്ടോക്കോളില്‍ പറഞ്ഞിട്ടുള്ളതാണ് ! അത് ഹരിക്കും ശരിക്കറിയാം ! അതൊക്കെ ഹോസ്റ്റലില്‍ ചേര്‍ന്ന ആദ്യദിവസങ്ങളില്‍ തന്നെ ന ഞങ്ങള്‍ ഉറക്കമൊഴിച്ചിരുന്നു ബൈഹാര്‍ട്ട്‌ പഠിച്ചതുമാണ്. പക്ഷെ ഇതിപ്പോ കണ്ട നായ്ക്കളുടെ പേരും വിവരോം ചോദിച്ചാല്‍ ! തികച്ചും ‌ 'out‌ of scope' question തന്നെ എന്ന് (പുതപ്പിനടിയില്‍ കിടക്കുന്ന) എനിക്കും തോന്നി !
"എന്താടാ @##$%#$, ആലോചിക്കുന്നെ ?" - സീനിയരുടെ അടുത്ത ചോദ്യം.
എന്ത് പറയണം എന്നറിയാതെ പകച്ചു നില്‍ക്കുന്ന ഹരിക്ക് നല്‍കാന്‍ സീനിയര്‍ക്കു വ്യക്തമായ ഒരു ന്യായീകരണം ഉണ്ടായിരുന്നു. നായയെ തലോടിക്കൊണ്ട് സീനിയര്‍ വിശദീകരിച്ചു.
"ഇവന്‍ രാത്രിയും പകലും ഹോസ്റ്റലില്‍ തന്നെ അല്ലെ ? പിന്നെ ഇവന്‍ ഹോസ്ടല്ലെര്‍ അല്ലെടാ, കോപ്പേ.. ?"
സീനിയര്‍ തന്നെ ഹോസ്റ്റലിലെ ഒരു അംഗമായി പ്രഖ്യാപിച്ചത് കേട്ട്, കുറച്ചു തലക്കനത്തോടെ നായ നെഞ്ഞും വിരിച്ചു മേലോട്ട് നോക്കി നിന്നു !

ഒന്നു വിശകലനം ചെയ്തു നോക്കിയാല്‍ വിശദീകരണം തികച്ചും ന്യായമായത് തന്നെ. കുറച്ചു ഒന്ന് ആലോചിച്ച ശേഷം (തന്റെ തെറ്റ് ബോധ്യമായിട്ടെന്ന പോലെ), ഹരിയും അത് അംഗീകരിച്ചു.
"yes.., സര്‍ "
"എങ്കില്‍ ഇവന്റെ പേര് പറയെടാ, തെണ്ടിപ്പരിഷേ.." - സീനിയര്‍ പേര് വിടുന്ന ഭാവമില്ല.
മറ്റൊരുവഴിയും ഇല്ലഞ്ഞിട്ടെന്ന പോലെ ഹരി നായയുടെ മുഖം സൂക്ഷിച്ചു ഒന്ന് നോക്കി.

ഇവനിത് എന്തിനുള്ള പുറപ്പാടാ ! മുഖം നോക്കി പലരും ഭാവി പ്രവചിക്കും എന്ന് കേട്ടിട്ടുണ്ട്. മുഖം നോക്കി പേര് പറയാനാണോ ഇവന്റെ ശ്രമം ! അതോ നായ തന്നെ പേര് പറഞ്ഞു കൊടുക്കും എന്ന് കരുതിയോ ആവോ !
'ഹാ എന്നാല്‍ നീ എന്റെ മുഖം നോക്കി പേര് കണ്ടുപിടി !' എന്ന ഭാവത്തില്‍ നായയും അവനെ ഒന്ന് നോക്കി. 
ഒടുവില്‍ പരാജയം സമ്മതിച്ചുകൊണ്ട് ഹരി നായയുടെ മുഖത്ത് നിന്ന് നോട്ടം മാറ്റി, എന്നിട്ട് അവസാനത്തെ ആശ്രയം എന്നോണം പിന്നിലേക്ക്‌ എന്റെ കട്ടിലിനടുത്തെക്ക് ഒന്ന് നോക്കി.

ഉറക്കം നടിച്ചു കിടക്കുന്ന എന്റെ ഹൃദയമിടിപ്പ്‌ പെട്ടന്ന് പതിന്മടങ്ങായി.
'ദുഷ്ടന്‍, അവനോ സീനിയരുടെ കയ്യില്‍ കുടുങ്ങി, ഇനി ഇതിപ്പോ എന്നേം കാട്ടികൊടുത്തെ അടങ്ങൂ ?'. 
എന്റെ ഹൃദയമിടിപ്പ് റൂമിന്റെ വാതിലിനടുത്ത് നില്‍ക്കുന്ന സീനിയരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ മാത്രം ഉച്ച്ചത്തിലാണെന്ന് എനിക്കു തോന്നി. അതുകൊണ്ട് തന്നെ എന്റെ ഉറക്കാഭിനയത്തില്‍ കൂടുതല്‍ സ്വാഭാവികത വരുത്താന്‍ ഞാന്‍ പരമാവധി ശ്രമിച്ചുകൊണ്ട് പുതപ്പിനുള്ളില്‍ അനങ്ങാതെ കിടന്നു. ‌അല്ലേലും അവനെ സഹായിക്കണം എന്ന് വിചാരിച്ചാ, ആ നായിന്റെ പേരു എനിക്കും അറിയില്ലല്ലോ (അല്ലാതെ സീനിയരെ പേടിച്ചിട്ടല്ല, കേട്ടോ) !

ഞാനും കൈവിട്ടതോടെ, അവന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. നായയുടെ പേര് അറിയാതെ അന്ധാളിച്ചു നില്‍ക്കുന്ന അവന്റെ മുഖത്ത്, പെട്ടന്നാണ് സീനിയര്‍ സാര്‍ ഒരു ലഡ്ഡു* പൊട്ടിച്ചതു. അവന്റെ ചെവിയില്‍ നിന്നു പോന്നീച്ചകള്‍ പറന്നു ! ലഡ്ഡു പൊട്ടിയ  ശബ്ദം കേട്ട് നായ മേലോട്ട് അവന്റെ മുഖത്തേക്ക് നോക്കി; എന്നിട്ട് ഗമയില്‍ നിന്നു. തനിക്കു ചോദിക്കാനും പറയാനും ആളുണ്ടെന്ന ഭാവത്തില്‍ !

എന്തായാലും നായയുടെ പേര് 'AP' ആണെന്ന് സീനിയര്‍ തന്നെ പറഞ്ഞു കൊടുത്തു. ഒന്ന് പോട്ടിയലെന്താ പേര് ആലോചിച്ചു കഷ്ടപെടണ്ടല്ലോ എന്ന് ഹരിക്കും തോന്നി. പക്ഷെ "AP "! ആ ഷോര്‍ട്ട് നെയിം എവിടെയോ നല്ല പരിചയം ഉള്ള പോലെ. ഹരി "AP " എന്ന പേരിന്റെ ഉറവിടം തേടി തന്റെ ഡാറ്റാബേസ് സെര്‍ച്ച്‌ ചെയ്യാന്‍ തുടങ്ങി. പുതിപ്പിനടിയില്‍ നിന്നു ഞാനും അപ്പോള്‍ അത് തന്നെയാണ് ആലോചിച്ചു കൊണ്ടിരുന്നത് !

"AP "!! അപ്പോഴാണ് ഞങ്ങളുടെ HOD (Head of Department) ആയ പ്രോഫെസ്സര്‍ AP യുടെ പേരാണ് അവര്‍ നായക്ക് ഇട്ടിരിക്കുന്നത് എന്ന് മനസ്സിലായത്.

നായയുടെ പേരിന്റെ ഗുട്ടന്‍സ് അറിഞ്ഞപ്പോ ലഡ്ഡു കിട്ടിയ വേദനയും സീനിയരുടെ മുന്നിലാനെന്നുള്ള പേടിയും മറന്നു ഹരി ചിരിക്കാന്‍ തുടങ്ങി. അപ്പോഴേക്കും കയ്യിലുള്ള ബോട്ടിലില്‍ നിന്ന് കുറെ ബിയര്‍ കൂടെ അകത്താക്കികൊണ്ട് സീനിയര്‍ വീണ്ടും ചോദിച്ചു.
"ഇപ്പൊ പേര് മനസ്സിലായോഡാ ഡാഷ് മോനെ ? ഇനി ഒന്നു പറഞ്ഞെ..."
"മനസ്സിലായി സാര്‍ ; പേര് AP " 
"ഫാ..." നായയുടെ തോളില്‍ തലോടി കൊണ്ട് സീനിയര്‍ തുടര്‍ന്നു "...നീയൊക്കെ ഹോസ്റ്റലില്‍ വരുന്നതിനു മുന്നേ ഇവനിവിടെ ഉണ്ട് ! അപ്പൊ നിന്റെ സീനിയര്‍ ആയിവരും. സീനിയരെ പെരാണോടാ വിളിക്കുന്നെ, കഴുവേറി.."
"സോറി സര്‍ ... " തന്റെ തെറ്റ് മനസ്സിലാക്കിയ ഹരി അത് തിരുത്തി... "AP സര്‍"
എങ്കിലും അതും സീനിയരെ പൂര്‍ണമായി satisfy ചെയ്തിരുന്നില്ല.
"അതെന്താട കോപ്പേ, പേരിന്റെ മുന്നില്‍ ഒന്നും ഇല്ലേ ?"
സംഗതി അവനു മനസ്സിലായി.. സീനിയരുടെ പേര് പറയുമ്പോ Mr /Miss അങ്ങനെ എന്തെങ്ങിലും മുന്നില്‍ വേണം പോലും ! അതും ഞങ്ങളുടെ പ്രോടോകളില്‍ പറഞ്ഞിട്ടുള്ളതാണ്. പക്ഷെ ഇതിപ്പോ ! ഫുള്‍ കണ്‍ഫ്യൂഷന്‍ ആയി !  ആണോ പെണ്ണോ എന്ന് പോലും അറിയാതെ  ഇതിപ്പോ എന്ത് ചേര്‍ത്ത് വിളിക്കും ? ഒടുവില്‍ പേടിച്ചു പേടിച്ചു എന്തൊക്കെയോ പറയാന്‍ ശ്രമിച്ചു.
"സാര്‍, അത്..... എന്തുവിളിക്കണം എന്ന്...."
"നോക്കി മനസ്സിലക്കെടാ തെണ്ടി"
അയ്യേ.. സ്വന്തം ഗതികേട് മനസ്സിലാക്കി അവന്‍ സകല ഈശ്വരന്മാരെയും വിളിച്ചു പ്രാര്‍ത്ഥിച്ചു. "ഭഗവതി.. ഇതിനു വേണ്ടി മാത്രാണോ നീ ഈ നായയെ സൃഷ്ടിച്ചേ ?". ഭഗവതിക്കും കുട്ടിച്ചാത്തനും ഒന്നും ഇപ്പൊ തന്നെ രക്ഷിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കി അവന്‍ പ്രാര്‍ത്ഥന നിര്‍ത്തി. എന്നിട്ട് നായയെ Mr എന്ന് വിളിക്കാവോ അല്ല Miss എന്ന് വിളിക്കാവോ എന്ന് പരിശോധന തുടങ്ങി.

അത് കണ്ടു നാണത്താല്‍ നായയുടെ മുഖം ചുവന്നു തുടുത്തു ! ഒടുവില്‍ നാണം സഹിക്കാനാവാതെ അതു മുഖം കുനിച്ചു. എങ്കിലും ലക്‌ഷ്യം പൂര്‍ത്തീകരിക്കാതെ ഹരി പിന്മാറാന്‍ ഉദ്ദേശം ഇല്ലായിരുന്നു. തീവ്രമായ അവലോകനതിനോടുവില്‍ (euraca ...euraca എന്ന് വിളിച്ചുകൂവി കൊണ്ട് ?) ഹരി പറഞ്ഞു.
"ആണ്‍ ആണ്..., സര്‍ "
"എന്നാല്‍ മുഴുവന്‍ പേര് പറയെടാ.., @#$#$#$....?"
തന്റെ തീവ്രമായ അവലോകനത്തെയും വിലമതിക്കാനാവാത്ത കണ്ടു പിടുത്തത്തെയും വില കല്പിക്കാത്ത സീനിയരുടെ പെരുമാറ്റം ആണ്, ഹരിക്ക് ലടുവിനെക്കളും തെറിവിളികളെക്കാളും വേദനാജനകം ആയി തോന്നിയത്. എങ്കിലും വേദന കടിച്ചമര്‍ത്തി അവന്‍ പറഞ്ഞു.
"Mr. AP Sir."
ഹോ ! ആ "Mr." കൂടി കേട്ട ഉടനെ, നായ 'സന്തോഷം കൊണ്ട് എനിക്കിരിക്കാന്‍ വയ്യേ' എന്നാ അവസ്ഥയിലായി.  ഒരു നായയായി പിറന്നതില്‍ അഭിമാനം തോന്നിയ നിമിഷം ആയിരിക്കും ! നായയുടെ അഹങ്കാരം സഹിക്ക വയ്യാതെ എന്നോണം, ഹരി നായയെ നോക്കി മനസ്സില്‍ പിറുപിറുത്തു.
"എവെരി ഡോഗ് ഹാസ്‌ എ ഡേ"\
എന്നിട്ടരിശം തീരാത്തവനാ സീനിയരെ നോക്കി വീണ്ടും മലയാളത്തില്‍ പിറുപിറുത്തു ( വീണ്ടും മനസ്സില്‍ ).
"ഏതു നായിന്റെ മോനും ഒരു ദിവസം വരും"
മനസ്സിലാണെങ്കിലും സീനിയരെ തെറിവിളിച്ച്ചപ്പോള്‍ ഒരു അത്മസംതൃപ്തി. എന്തോ മനസ്സിലായ മട്ടില്‍ സീനിയര്‍ ചോദിച്ചു
"എന്തുവാടാ #~@$#~@$, പിറുപിറുക്കുന്നത് ?"
"ഒന്നുമില്ല, സര്‍ "
തികച്ചും നിഷ്കളങ്കനായി അവന്‍ മറുപടി കൊടുത്തു. ഇതൊക്കെ ആവുമ്പോഴേക്കും ഏകദേശം രണ്ടു മണി ആയിക്കാണും; അതിനു ശേഷം നടന്നത് എന്തെന്ന് എനിക്കറിയില്ല. ഞാന്‍ അറിയാതെ ഉറങ്ങിപോയിരുന്നു. ഹരിയുടെ ആ രാത്രി പിന്നെയും നീണ്ടു പോയി... !
----------------------------------------------------------------------
#@$#~@$* -- സദാചാര ബോധത്തിനു നിരക്കാത്തതിനാല്‍ ഇവിടെ തുറന്നു പറയാന്‍ വയ്യാത്തതും, മലയാള നിഖണ്ടുവില്‍ ഒരുപക്ഷെ ഇല്ലാത്തതും, എന്നാല്‍ കഥയുടെ പൂര്‍ണതയ്ക്കു ഒഴിച്ചുകൂടാന്‍ വയ്യാത്തതുമായ വാക്കുകള്‍ ! നിങ്ങളുടെ നിലവാരത്തിനും അറിവിനും അനുസരിച്ച്  വേണ്ടവിധം കൂട്ടിവായിച്ചു കൊള്ളുക.
ലഡ്ഡു* -- ലഡ്ഡു എന്താണ് എന്നു മനസ്സിലാത്തവര്‍ 'ലഡു'വും 'ജിലേബി'യും എന്ന പോസ്റ്റ്‌ റെഫര്‍ ചെയ്യുക.

Comments

  1. വാല്‍ക്കഷ്ണം :
    പിറ്റേ ദിവസം ലാബിനു റെക്കോര്‍ഡ്‌ എഴുതത്തവരോട് HOD (യഥാര്‍ത്ഥ AP Sir ) യെ കണ്ടു പെര്‍മിഷന്‍ വാങ്ങിയിട് ക്ലാസ്സില്‍ ഇരുന്നാല്‍ മതിയെന്ന് പറഞ്ഞു ലാബില്‍ നിന്നു ഗെറ്റ് ഔട്ട്‌ അടിച്ചു. ഹരിയും എന്നോടൊപ്പം പുറത്തായത് കണ്ടപ്പോള്‍ ഒന്നും അറിയാത്ത ഭാവത്തില്‍ ഞാന്‍ ചോദിച്ചു.

    "നീ ഇന്നലെ രാത്രി വല്യ കാര്യത്തില്‍ ഇരുന്നു റെക്കോര്‍ഡ്‌ എഴുതുന്ന കണ്ടല്ലോ ? എന്തെ തീര്‍ന്നില്ലേ ?"
    "ആഹാ.. ഇന്നലത്തെ കൂത്ത്‌ നീ പുതപ്പിന്ടടിയില്‍ നിന്നു കേട്ടിട്ട്‌ മതിയായില്ലേ ?"

    അതോടെ ഈ പാവം ഞാന്‍ ചമ്മി പോയി. HOD (യഥാര്‍ത്ഥ AP Sir ) യുടെ തെറി കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ രണ്ട് പേര്‍ മാത്രം ഉള്ളില്‍ ചിരിക്കുകയായിരുന്നു. ഹോസ്റ്റലിലെ Mr. AP സാറെ ഓര്‍ത്തു.

    ReplyDelete
  2. hehe, ithe oru onne onnaraa day aayi pooyello for the dog!!...haha, luvs this lil story

    regards,
    Akhil

    ReplyDelete

Post a Comment

Popular posts from this blog

ഒരു കാത്തിരിപ്പ്‌

നീ നിഴലായി

നൂൽ പൊട്ടിയ പട്ടം