എല്ലാം പഴയത് പോലെ തന്നെ...

ഒരു ദീര്‍ഘമായ ദിവസത്തിന്‍റെ പരിസമാപ്തി എന്നവണ്ണം ക്ഷീണത്തോടെ ഞാന്‍ കിടക്കയിലേക്ക് മറിഞ്ഞു. ഇന്നത്തെ പരിശ്രമങ്ങള്‍, പൊല്ലാപ്പുകള്‍, പിന്നെ നാളത്തെ പറ്റിയുള്ള വ്യാകുലതകള്‍, പ്ലാന്‍സ് എല്ലാം ആലോചിച്ചു കിടന്നപ്പോള്‍ ഇടക്കെപ്പോഴോ ഉറക്കം വന്നു തഴുകി വിളിച്ചു. ഉറക്കത്തിനു എന്നെ വിട്ടു തരില്ലെന്ന ഭാവത്തില്‍ എന്റെ  ചിന്തകളും ഉറക്കവും തമ്മില്‍ ഒരു ചെറിയ മല്‍പിടുത്തം നടന്നു. ഒടുവില്‍ ഉറക്കം എന്‍റെ ചിന്തകളെ പൂര്‍ണമായും കീഴ്പ്പെടുത്തിയപ്പോള്‍, ഞാന്‍ ഉറക്കത്തിലേക്കു വഴുതി വീണു. എല്ലാ വ്യാകുതകളും മറന്നു ഞാന്‍ ശാന്തമായി ഉറങ്ങി. ഇതിനു മുന്‍പെങ്ങും ഇല്ലാതിരുന്ന പോലെ ഞാന്‍ വളരെ ശാന്തമായി ഉറങ്ങി...

എത്ര സമയം ഞാന്‍ അങ്ങനെ ഉറങ്ങി എന്ന് അറിയില്ല. ഉറക്കത്തില്‍ എപ്പോഴോ എഴുന്നേറ്റു ഞാന്‍ സാവധാനം വീടിനു പുറത്തേക്ക് ഇറങ്ങി. അപ്പോള്‍ എന്റെ ശരീരത്തിനു തീരെ ഭാരം ഇല്ലാത്തത് പോലെ തോന്നി ! ഇന്നലത്തെ അവശതകളോ നാളത്തെ വ്യാകുലതകളോ ഒന്നും അപ്പോഴും എന്നില്‍ ഉണ്ടായിരുന്നില്ല. ഉറക്കത്തിലെന്ന പോലെ തികച്ചും നിര്‍വികാരമായി ഞാന്‍ നടന്നു,.. എങ്ങോട്ട്‌ നോക്കിയാലും കൂരാകൂരിരുട്ട്‌ മാത്രം. എന്നിട്ടും മുന്നില്‍ കണ്ട എതോ വഴിയിലൂടെ നടന്നു.

എല്ലായിടത്തും അന്ധകാരം മാത്രം. ആ അന്ധകാരത്തിന്റെ മറയില്‍ എവിടെ നിന്നോ ഒരു മൂങ്ങ എന്നെ നോക്കി മൂളുന്നുണ്ടായിരുന്നു. പതിവിനു വിപരീതമായി അവയൊന്നും എന്നെ ഇപ്പൊള്‍ ഭയപ്പെടുത്തുന്നില്ല എന്നതില്‍ എനിക്കത്ഭ്തം തോന്നി. ഞാന്‍ നടന്നു. എങ്ങോട്ടെന്നു അറിയില്ല. എങ്കിലും ഏതോ മുന്കൂടി നിശ്ചയിക്കപെട്ട ലക്ഷ്യത്തിലേക്ക് എന്ന പോലെ ഞാന്‍ വഴിതെറ്റാതെ നടന്നു. ആ അന്ധകാരത്തിലും എന്റെ മനസ്സില്‍ ഒരു വഴി തെളിഞ്ഞു തെളിഞ്ഞു വന്നു. നടത്തത്തിനു വേഗം കൂടി വന്നു. എന്റെ ശരീരത്തിന് ഭാരം ഇല്ല എന്നെനിക്കു തോന്നി.

വീണ്ടും ഞാന്‍ മുന്നോട്ടു നടന്നു. മുന്നില്‍ നിറഞ്ഞു നില്‍ക്കുന്ന ആകാശത്തിന്‍റെ അന്ധകാരത്തില്‍ നിന്നു എനിക്ക് നേരെ എന്തോ അടുത്ത് വരുന്നത് പോലെ തോന്നി. അത് എന്താണെന്ന് അറിയാന്‍ ഞാന്‍ ഇരുട്ടിന്‍റെ ആഴത്തിലേക്ക് ചൂഴ്ന്നു നോക്കി. ഒന്നും കാണാനാവുന്നില്ല. അന്ധകാരം മാത്രം. പതുക്കെ ഉള്ള  ചിറകടി ശബ്ദം മാത്രം കേള്‍ക്കാം. കുറച്ചു സമയത്തിനുള്ളില്‍ ആ ശബ്ദം ഉയര്‍ന്നു വന്നു. ഒരു കൂട്ടം വവ്വാലുകള്‍ എനിക്ക് നേരെ ചിറകിട്ടടിച്ചു പറന്നു വരുന്നത് ഒടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു. അവയുടെ ചിറകടികള്‍ എന്റെ കാതില്‍ മുഴങ്ങി അലയടിച്ചു. പക്ഷെ അവയും എന്നെ ഭയപ്പെടുത്തിയില്ല ! ഞാന്‍ വീണ്ടും മുന്നോട്ടു നടന്നു. വവ്വാലുകള്‍ എനിക്ക് ചുറ്റും ചിരകിട്ടു വട്ടം ചുറ്റി പറന്നു.  അവയെ ഗൌനിക്കാതെ ഞാന്‍ ആ ഇരുട്ടിന്‍റെ, അന്ധകാരത്തിന്‍റെ വഴിയിലേക്ക് നടന്നു നീങ്ങി. നടന്നു നടന്നു ഇപ്പോള്‍ കുറെ ദൂരം പിന്നിട്ടിരിക്കുന്നു.

പിന്നില്‍ ഞാന്‍ വന്ന വഴിയില്‍ ദൂരെ എവിടെ നിന്നോ ഇപ്പോള്‍ ഒരു കാലന്‍ കോഴിയുടെ ചൂളം വിളി കേള്‍ക്കാം. ഈ പക്ഷി കരയുന്നത് മരണം അറിയിക്കാന്‍ ആണെന്നു ചെറുപ്പത്തില്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അത് കൊണ്ടാണത്രേ പക്ഷിക്ക് ഈ പേര് വന്നതും. ഭാരങ്ങള്‍ ഒന്നും ഇല്ലാതെ നടന്നു നീങ്ങുമ്പോള്‍ കാലന്‍ കോഴിയുടെ പേരില്‍ കാര്യമുണ്ടെന്നു ഏനിക്കു തോന്നി. എന്തിനെന്നു അറിയില്ല. എങ്കിലും ഞാന്‍ നടന്നു വന്ന വഴിയിലേക്ക് ഒന്നു തിരിഞ്ഞു നോക്കി. ഒന്നും കാണാന്‍ പറ്റുന്നില്ല. കൂരാകൂരിരുട്ട്‌ ! അന്ധകാരം ഒരു വലിയ മതിലായി മാറി ഭൂതകാലത്തിന്റെ ഓര്‍മകളെ പോലും മറച്ചു കൊണ്ട് എനിക്ക് പിന്നില്‍ നില്‍ക്കുന്നു...

വീണ്ടും നടന്നു. കല്ലുകള്‍ നിറഞ്ഞ വഴിയിലൂടെ കാടുകളും കയറി ഒരു  കുന്നിന്റെ മുകളിലേക്ക് നടന്നു നീങ്ങി. പേടിപെടുത്തുന്ന രീതിയില്‍ ഒരുപാട് ശബ്ദങ്ങള്‍ അവിടെങ്ങും നിറഞ്ഞു. എങ്കിലും എനിക്ക് പേടി തോന്നിയില്ല. ഞാന്‍ മുന്നോട്ടു നടന്നു. ഒരുപാടു നടന്നു കയറിയപ്പോള്‍ ഞാന്‍ വന്ന വഴിയിലേക്ക് വീണ്ടും ഒന്ന് തിരിഞ്ഞു നോക്കി. അപ്പോള്‍ കുന്നിന്‍റെ അങ്ങേ ചെരിവില്‍ ഒരു മങ്ങിയ കാഴ്ച പതുക്കെ തെളിഞ്ഞു വന്നു.  ഇതുവരെ എന്നോടൊപ്പം ഉണ്ടായിരുന്ന എന്റെ പ്രിയപെട്ടവരെല്ലാം ചേര്‍ന്ന് എന്റെ ശരീരം പുതപ്പിച്ചു കിടത്തി. അരികില്‍ പന്തത്തില്‍ തീ ആളിക്കത്തുന്നു. പതുക്കെ പന്തം എന്റെ ശരീരത്തിലേക്ക് അടുക്കുന്നു. അഗ്നി എന്റെ ശരീരത്തിലേക്ക് പടര്‍ന്നു കയറി. അത് എന്നിലേക്ക്  പുണര്‍ന്നു കയറാനും, എന്റെ ശരീരത്തെ വെറും ചാരമാക്കി മാറ്റാനും തിരക്ക് കൂട്ടുന്നത്‌ ഞാന്‍ കണ്ടു. എല്ലാവരും അഗ്നി എന്നെ പുണര്‍ന്നു കീഴ്പെടുതുന്നത് ചുറ്റും കൂടി നിന്ന് നോക്കി നില്കുന്നു.

എന്റെ ശരീരത്തിലേക്കും ആ അഗ്നിനാളത്തിലേക്കും ഞാന്‍ സൂക്ഷിച്ചു നോക്കി. ജീവിതം തല്ലിക്കെടുത്തിയ സ്വപ്നങ്ങള്‍ അങ്ങിങ്ങായി ചിതറി കിടക്കുന്നു. അവയുടെ മേല്‍ വട്ടമിട്ടു പറക്കുന്ന വിധിയുടെ കഴുകന്‍ കണ്ണുകള്‍ ഞാന്‍ കണ്ടു. എന്റെ ജീവിതത്തില്‍ പൊലിഞ്ഞു പോയ മോഹങ്ങള്‍ക്കു ചുറ്റും ഓടിനടക്കുന്ന നിരാശകളാം ചെന്നായകളെ  ഞാന്‍ അവിടെ കണ്ടു. അവയുടെ കണ്ണിലെ ക്രൂരതയും നാവിലൂടെ ഒലിച്ചിറങ്ങുന്ന ഉമിനീരിലെ ആര്‍ത്തിയും ഞാന്‍ കണ്ടു.

അവിടെ നിന്ന് ഇതുവരെ നടന്നു വന്ന വഴിയിലൂടെ ഞാന്‍ കണ്ണോടിച്ചു. ഇരു വശത്തുമായി കാലത്തിന്‍റെ വിളയാട്ടില്‍ നിലം പതിച്ച ഓര്‍മ്മകളുടെ ജീര്‍ണിച്ച ശവശരീരങ്ങള്‍ ! അവയില്‍ അവശേഷിക്കുന്ന മാംസത്തിന്‍റെ അവസാന അംശങ്ങളും കൊത്തിപ്പറിക്കാന്‍ കാലമാവുന്ന നരികള്‍ പരക്കം പായുന്നത് കണ്ടു... പഴകിയ അവശിഷ്ടങ്ങളുടെ എന്ന പോലെ അവയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. ഞാന്‍ ലാളിച്ചു കൊണ്ട് നടന്ന ഓര്‍മ്മകള്‍ ആ അവസ്ഥയില്‍ കണ്ടപ്പോ എനിക്ക് വെറുപ്പ്‌ തോന്നി. ദുര്‍ഗന്ധം സഹിക്കാതെ അറിയാതെ ഞാന്‍ മൂക്ക് പൊത്തി.

എല്ലാം കണ്ടു മതിയായിട്ടെന്ന വണ്ണം ഞാന്‍ വീണ്ടും നടന്നു. ഒടുവില്‍ നടന്നു നീങ്ങി കൊണ്ടിരിക്കുന്ന വഴിയില്‍ നിലത്തേക്കു ഞാന്‍ ആദ്യമായി നോക്കി. ചുറ്റും അസ്ഥികൂടങ്ങളും എല്ലിന്‍ കൊട്ടുകളും അങ്ങിങ്ങായി ചിതറി കിടക്കുന്നുണ്ടായിരുന്നു. ആരുടെയൊക്കെയോ എന്തിന്റെയൊക്കെയോ അസ്ഥികൂടങ്ങളും എല്ലിന്കൊട്ടുകളും. എനിക്കൊന്നും മനസ്സീലവുന്നുണ്ടായിരുന്നില്ല. എങ്കിലും വീണ്ടും നടന്നു.. അസ്ഥികൂടങ്ങളും എല്ലിന്കൊട്ടുകളും ചവിട്ടി മെതിച്ചു ഞാന്‍ വീണ്ടും നടന്നു.

ആരോ എന്നെ വീണ്ടും നടക്കാന്‍ പ്രേരിപ്പിക്കും പോലെ തോന്നി. എവിടേക്ക് എന്നറിയാതെ... മുന്നില്‍ കണ്ട വഴിയിലൂടെ എല്ലാം നടന്നു. ഒടുവില്‍ തികച്ചും അന്ധത. ആ അന്ധതയില്‍ ഇതുവരെ കണ്ടതൊക്കെ ചൂണ്ടി കാട്ടി ആരോ വിളിച്ചു പറയുന്നുണ്ടായിരുന്നു.

"ഇതായിരുന്നു നീ..!"

ആരാണെന്നു അറിയാന്‍ ഞാന്‍ ചുറ്റും നോക്കി. തികച്ചും അന്ധകാരം മാത്രം ! ആരെയും കാണാന്‍ വയ്യ. ഞാന്‍ ഒന്നു കൂടെ എന്നിലേക്ക്‌ തിരിഞ്ഞു നോക്കി. നോക്കിയ മാത്രയില്‍ തന്നെ വെറുപ്പോടെ ഞാന്‍ മുഖം തിരിച്ചു. ഞാന്‍ കണ്ട കഴച്ചകള്‍ ഒക്കെ വെറുക്കപ്പെടുന്നവയയിരുന്നു. ഇത് വരെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഞാന്‍ സ്നേഹിച്ചിരുന്നത് എന്നെ തന്നെ ആയിരുന്നു. ആ എനിക്ക് ഇപ്പോള്‍ എന്നിലേക്ക്‌ തിരിഞ്ഞു നോക്കുമ്പോള്‍ അറപ്പും വെറുപ്പും തോന്നുന്നു.

എങ്കിലും ആ അന്ധകാരത്തില്‍ നിന്ന് പ്രകൃതിയുടെ ശബ്ദത്തില്‍ ഒരു അശരീരി എന്ന കണക്കെ അത് എന്‍റെ കാതില്‍ വീണ്ടും വീണ്ടും മുഴങ്ങി കേട്ടുകൊണ്ടിരുന്നു.

"ഇതായിരുന്നു ഇതുവരെ ഉള്ള നീ !"

അവസാനമായി  ഒന്നുകൂടെ ഞാന്‍ എന്നിലേക്ക്‌ തിരിഞ്ഞു നോക്കി. ഇത്തവണ കാഴ്ചകള്‍ മാറുമെന്ന പ്രതീക്ഷക്ക് വിപരീതമായി വീണ്ടും അതെ കാഴ്ച. ഇപ്പോള്‍ അഗ്നി എന്റെ ശരീരത്തെ പുണര്‍ന്നു അടങ്ങിയിരിക്കുന്നു. അവിടെ വെറും ചാരം മാത്രം. പിന്നെ മനുഷ്യശരീരം കത്തിയതിന്‍റെ ഒരു ദുര്‍ഗന്ധവും.

ഒടുവില്‍ എല്ലാം വീണ്ടും വീണ്ടും കണ്ടു മതിയായ ഞാന്‍ ആരോടെന്നില്ലാതെ ഉച്ചത്തില്‍ അലറിവിളിച്ചു. "വേണ്ട..., എനിക്ക് എന്നെ കാണണ്ട ! ഞാന്‍ എന്നെ വെറുക്കുന്നു".ഞാന്‍ അത് പറയാന്‍ കാത്തിരുന്ന പോലെ, ഉടനെ പടിഞ്ഞാറെ ചക്രവാളത്തില്‍ ഒരു വെളിച്ചം മിന്നിമറഞ്ഞു.

പതിയെ ആ കുന്നിന്‍ മുകളില്‍ നിന്ന് ഞാന്‍ ഒരു ചിത്രശലഭത്തെ പോലെ ആകാശത്തേക്ക് ഉയരാന്‍ തുടങ്ങി. എന്റെ ശരീരത്തിന്റെ ഭാരം പൂര്‍ണമായി നഷ്ടപെട്ടതായി എനിക്ക് തോന്നി. ശരീരത്തിന്റെയും ജീവിതതിന്റെയും ഭാരമില്ലാതെ ഒരു ചിത്രശലഭത്തെ പോലെ ഞാന്‍ പറന്നു ഉയരാന്‍ തുടങ്ങി. ആകാശത്തിന്റെ കുളിരിനെ പുണര്‍ന്നു കൊണ്ട് ഉയര്‍ന്നു ഉയര്‍ന്നു പറന്നു പൊങ്ങി. എങ്ങോട്ടേക്ക് എന്നു അറിയില്ലെങ്ങിലും അത് ഒരു പുതിയ ലോകത്തെക്കുള്ള യാത്രയായി എനിക്ക് തോന്നി.

പെട്ടന്ന് ഞാന്‍ ഞെട്ടി ഉണര്‍ന്നു ചുറ്റും നോക്കി. ഞാന്‍ എന്റെ മുറിയില്‍ കിടക്കയില്‍ തന്നെ ആണ്. കുറച്ചു മുന്നേ ഞാന്‍ കണ്ട ജീര്‍ണിച്ച ഓര്‍മകളെ ഞാന്‍ തിരഞ്ഞു. ഒന്നും കാണാനില്ല,.. കുറച്ചു മുന്നേ കണ്ടത് പോലെ എന്റെ ഓര്‍മ്മകള്‍ വെറും ജീര്‍ണിച്ച ശവങ്ങള്‍ അല്ല ! കഴിയുന്നുണ്ട്, എനിക്ക് ഇപ്പോഴും എല്ലാം ഒര്‍മിചെടുക്കാന്‍ കഴിയുന്നുണ്ട്. എന്‍റെ ഓര്‍മ്മകള്‍ മരിച്ചിട്ടില്ല. എന്‍റെ മോഹങ്ങളും സ്വപ്നങ്ങളും മരിച്ചിട്ടില്ല. അവയ്ക്ക് മുകളിലുടെ വട്ടമിട്ടു പറക്കുന്ന നിരാശയുടെ കഴുകന്‍ കണ്ണുകലും ഇപ്പോള്‍ കാണുന്നില്ല . ഞാന്‍ വീണ്ടും കിടന്നു, എന്നിട്ട് ഇതുവരെ കണ്ട കാഴ്ചകളെ പറ്റി ഓര്‍ത്തു. പിന്നെ കിടന്നിരിക്കുന്ന മുറിയില്‍ ചുറ്റും നോക്കി. എല്ലാം പഴയത് പോലെ തന്നെ.

എങ്കിലും എഴുനേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ശരീരത്തിന് വല്ലാത്ത ഒരു ഭാരം അനുഭവപെട്ടു. ഇന്നലെ കിടക്കുമ്പോള്‍ ഉണ്ടായിരുന്ന അതെ ഭാരം. ഭാരമില്ലയ്മയില്‍ നിന്ന് വീണ്ടും ഭാരങ്ങളുടെ ലോകത്തേക്ക് ! ഇന്നലത്തെ അവശതകളുടെയും, നാളത്തെ പറ്റിയുള്ള വ്യാകുലതകളുടെയും, ചിന്തകളുടെയും ഭാരം ! അതില്‍ ഇന്നത്തെ ജീവിതം നിശബ്ധമായി പോയിരിക്കുന്നു. ഈ ഭാരം... ജീവിച്ചിരിക്കുന്ന ശരീരത്തിന്‍റെയും മരണപ്പെട്ട ജീവിതത്തിന്‍റെയും ഭാരം ! അതെ, എല്ലാം പഴയത് പോലെ തന്നെ.

Comments

  1. എല്ലാം പഴയത് പോലെ തന്നെ... :)
    vijesh madathil.

    ReplyDelete
  2. A diffrnt reading experience..hats ff u bro!!

    ReplyDelete

Post a Comment

Popular posts from this blog

ഒരു കാത്തിരിപ്പ്‌

നീ നിഴലായി

നൂൽ പൊട്ടിയ പട്ടം